ബിഗ് ബോസ് മലയാളം സീസൺ 8: ലെഗസി വീക്കിൽ ആവേശം നിറച്ച് ഡോ. റോബിന്റെ തിരിച്ചുവരവ്
Image: Promotional poster, Asianet / Bigg Boss Malayalam Season 8
ബിഗ് ബോസ് മലയാളം സീസൺ 8 ഏറ്റവും അപ്രതീക്ഷിതമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മുൻ മത്സരാർത്ഥികൾ വീണ്ടും ഹൗസിലേക്ക് എത്തുന്ന ‘ലെഗസി വീക്ക്’ പഴയ പോരാട്ടങ്ങളെയും തർക്കങ്ങളെയും വീണ്ടും സജീവമാക്കിയിരിക്കുന്നു. സീസൺ 4-ലെ പ്രിയതാരമായ ഡോ. റോബിൻ രാധാകൃഷ്ണൻ ലെഗസി വീക്കിന്റെ ഭാഗമായി വീണ്ടും ഹൗസിലെത്തി. ദിൽഷ പ്രസന്നൻ, കുട്ടി അഖിൽ, സുചിത്ര നായർ എന്നിവരും തിരിച്ചെത്തിയതോടെ പുതിയ മത്സരാർത്ഥികളും പഴയ താരങ്ങളും തമ്മിലുള്ള പോരാട്ടം കടുത്തിരിക്കുകയാണ്. റിയാസ് സലീമും വിക്കി തഗ്ഗും തമ്മിലുള്ള വാഗ്വാദമാണ് പുതിയ പ്രമോയിലെ പ്രധാന ആകർഷണം. വിക്കി ഹൗസിൽ ഒന്നും ചെയ്യുന്നില്ലെന്ന് പരിഹസിച്ച് റിയാസ് അദ്ദേഹത്തെ ‘വാഴ’ എന്ന് വിളിച്ചപ്പോൾ, പ്രേക്ഷകർക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ താൻ ഷോയിൽ നിന്ന് ഇറങ്ങാൻ തയ്യാറാണെന്ന് വിക്കിയും തിരിച്ചടിച്ചു. ലെഗസി വീക്കിൽ തിരിച്ചെത്തിയ മുൻ മത്സരാർത്ഥി അനീഷ്, നിലവിലെ മത്സരാർത്ഥികളുടെ പ്രകടനത്തെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചു. മത്സരാർത്ഥികൾ മികച്ച രീതിയിലാണ് കളിക്കുന്നതെന്നും, ലെഗസി വീക്ക് മത്സരത്തിന് കൂടുതൽ തീവ്രത നൽകിയെന്നും അദ്ദേഹം പറഞ്ഞു. ടോപ്പ് ഫൈവിൽ ആരൊക്കെ എത്തുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അനീഷ് കൂട്ടിച്ചേർത്തു. ഷിജിന്റെ ‘പോവർട്ടി കാർഡ്’ തന്ത്രത്തെക്കുറിച്ചുള്ള വിമർശനങ്ങളെക്കുറിച്ച് സംസാരിച്ച അനീഷ്, ഓരോരുത്തർക്കും അവരുടേതായ ശൈലിയുണ്ടെന്നും ഷിജിൻ ഗെയിം നന്നായി കളിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. രാഹുൽ ഈശ്വറിനെക്കുറിച്ച് റോബിൻ നടത്തിയ പരാമർശങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഉപയോഗിച്ച വാക്കുകൾ അനുചിതമായിരുന്നുവെന്നും അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അനീഷ് വ്യക്തമാക്കി. ലെഗസി വീക്ക് ഹൗസിനുള്ളിലെ അന്തരീക്ഷം മാറ്റുമ്പോൾ, മുൻ മത്സരാർത്ഥികളുടെ നിരീക്ഷണങ്ങൾ ഗെയിം തന്ത്രങ്ങളെയും സംഘർഷങ്ങളെയും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ പ്രേക്ഷകരെ സഹായിക്കുന്നുണ്ട്.
Source: Movie Vibe



